കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിലും ചട്ടലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി.
കേരളത്തിലേക്ക് മെസ്സിയെ എത്തിക്കുമെന്ന പേരിൽ നടന്ന നീക്കങ്ങളും ഇതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളും ഗൗരവമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ‘റിപ്പോർട്ടർ ടി.വി.’യുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ, അതിന്റെ ഉറവിടം, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്ക് എന്നിവ ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.




