പാലാ: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇവരിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
പാലാ ആർ.വി. ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ ഇടിച്ച ശേഷം കാർ കടന്നുപോകാൻ ശ്രമിച്ചത്. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് പോലീസ് പറയുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് എം.എസ്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായവർ നേരത്തെയും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.




